സുപ്രിയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ എഴാം നമ്പര്‍ കെട്ടുകുതിര പൊന്നും കൊടിമരത്തോളം ഉയര്‍ന്നു പൊങ്ങി,തഴേക്ക് വന്ന കുതിരച്ചട്ടം നിലംതോടും മുന്‍പേ ഏറ്റുവാങ്ങി നൂറ്റിഇരുപത്തെട്ടുകൈകള്‍ ഒന്നാകെ ചുമലേറ്റി ആര്‍പ്പുവിളികളോടെ ശിവനമ്പലത്തിനു മൂന്നാമത്തെ വലതു ചുറ്റി . ശിങ്ങ്കാരി മേളം കൊഴുത്തു. പൂവന്‍ പഴവും അങ്ങാടിയുമിട്ടു വാറ്റിയ നാടന്‍ചാരായത്തിന്റെ ലഹരിയില്‍ തോളിലും കൈകളിലും കുമിളകള്‍ ഒട്ടും വേദനിപ്പിക്കാതെ പൊട്ടിയടര്‍ന്നു. വശം ചരിഞ്ഞ കുതിരക്കയറില്‍ ചന്ദ്രനും ശിവനും തൂങ്ങി നിന്ന് നിലപിടിച്ചു. വട്ടംച്ചുറ്റിച്ചെഴുന്നള്ളിച്ചു കുതിരയെ ഇറക്കി ഭൂതത്താന്‍ നടയില്‍ തേങ്ങാ ഉടച്ചു തിരിഞ്ഞപ്പോളെക്കും, എല്ലാരും ചേര്‍ന്ന് പിടികൂടിക്കഴിഞ്ഞുപിന്നെ മേല്ലെക്കുയര്‍ത്തി എറിഞ്ഞു പിടിച്ചു.നിലത്തു നിര്‍ത്തിയപ്പോഴും വായുവിലാണെന്നു തോന്നി .കണ്ണുകള്‍ പെണ്‍കൂട്ടങ്ങള്‍ക്കിടയിലെങ്ങും അവളെ തിരഞ്ഞു , ഒടുവില്‍ നിറയെ വര്‍ണബള്‍ബുകള്‍ തിളങ്ങുന്ന കൊന്നമരത്തിനു കീഴെ എല്ലാം കണ്ടു മന്തഹസിച്ചു അവളുണ്ട്. രാജ്യം വെട്ടിപ്പിടിച്ചവനെപ്പോലെ ചിരിച്ചു നടന്നു.
"അടുത്തതായി കൈരളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ എട്ടാം നമ്പര്‍ കെട്ടുകുതിര "
അനൌണ്‍സ് മെന്റെ ഉയര്‍ന്നപ്പോള്‍ ഞങ്ങള്‍ നടന്നു.ക്ലബ്ബിലെ ബെഞ്ചുകള്‍ ചേര്‍ത്തിട്ടു മലര്‍ന്നു കിടന്നു. ശിങ്ങ്കാരി മേളവും ആര്‍പ്പുവിളികളും കുറഞ്ഞുവന്നു ഓര്‍മ്മകള്‍ അകന്നകന്നു പോയി.
കണ്ണ് വലിച്ചു തുറക്കാന്‍ ശ്രമിച്ചപ്പോളെല്ലാം അത് അടഞ്ഞു പോകുന്നു , അല്പം തുറന്നുകിട്ടിയ വെളിച്ചത്തിന്‍റെ ഒരു കീറിലൂടെ ഞാന്‍ ചുറ്റും നോക്കി "ഇല്ല; ഒന്നുമില്ല" ക്ലുബ്ബും ബഞ്ചും
ശിങ്ങ്കാരി മേളവുമെല്ലാം വിസ്മ്രതിയിലാണ് നേര്‍ത്ത "ബീബ്" "ബീബ്" ശബ്ദങ്ങള്‍ മാത്രമാണ് ചുറ്റിലും
"എന്താണ് രവീ സ്വപ്നതിലയിരുന്നോ ചിരിക്കുന്നുണ്ടായിരുന്നല്ലോ?. " പെണ്‍സ്വരം തല തിരിക്കാനാവുന്നില്ല,
എല്ലായിടവും വല്ലാത്ത വേദന "ഞാനെവിടെയാണ്" "പറയാം, ഇപ്പോള്‍ ക്ഷീണമില്ലേ ഉണങ്ങിക്കോളൂ " കണ്ണുകള്‍ താനെ അടഞ്ഞു പോയി; ഓര്‍മ്മകള്‍ വട്ടംചുഴന്നു നടന്നു.
ഉച്ചകഴിഞ്ഞ സമയം മഴ കൊരിചോരിഞ്ഞു പെയ്യുകയാണ് ഓടുമേഞ്ഞ പുരപ്പുറത്തു വലിയമഴതുള്ളികള്‍ ശബ്ദത്തോടെ പതിച്ചു പതഞ്ഞു . മുറ്റത്തു തളം കെട്ടി മഴവെള്ളത്തില്‍ ഇലകള്‍ ഒഴുകി നടന്നു
"രേവിയെട്ടാ ഇങ്ങോട്ടൊന്നു വാ " കുന്താലിക്കൈകൊണ്ട് അടുക്കളയിലെക്കൂര്‍ന്നിറങ്ങുന്ന മഴയുടെ ഒരു വെള്ളിനൂലിഴയെ ഓടുകുത്തിയിളക്കി തടയിടാനുള്ള ശ്രമമാണ്. പിന്നിലൂടെചെന്നു മുഷിഞ്ഞ
സാരിവട്ടവട്ടത്തിനിടയിലെ വെളുത്തവയറില്‍ പിടിച്ചു നീണ്ട കഴുത്തിലുമ്മവച്ചു. കുന്താലിക്കൈ താഴെ വീണുപോയി അവളെന്നെ തള്ളിമാറ്റി
"പുരയാകെ ചോരുമ്പോഴാ, ഒരു ശ്രിംഗാരം
"അമ്മോ ദാ ഇവന്‍ മഴയത്തിറങ്ങുന്നെ" സ്വപ്നയാണ് വടിയുമായി അവളോടി
"സുഭാഷേ കേറുന്നുണ്ടോ നീ"
ചിനുങ്ങിക്കൊണ്ട് അവന്‍ എന്നെ വട്ടം ചുറ്റി മരത്തലപ്പുകളെ വട്ടംചുറ്റിച്ചൊരു കാറ്റുവന്നു, തെങ്ങും മൂവാണ്ടന്‍ മാവും ഒന്ന് മുടിയഴിച്ചാടി ,ഒരുകൊള്ളിമീന്‍; പുറകാലെ ഒരു വെള്ളിടിയും
സ്വപ്നയും സുഭാഷും ഉള്ളിലേക്കോടി. രാന്തയിലെ ചാരുകസാരയില്‍ അകലെ വയലില്‍ തിരിയായി പെയ്തിറങ്ങുന്ന മഴനോക്കിയിരുന്നു, തോട് കരകവിഞ്ഞോഴുകുകയാണ്. കഴുത്തില്‍ നിന്നും താഴേക്ക്
ഒരു കൈച്ചുറ്റിവന്നു; ചെവിക്കുപിന്നിലൊരു ചൂട് നിശ്വാസം, കൈപിടിച്ച് വട്ടം ചുറ്റി ഞാനവളെ എടുത്തുയര്‍ത്തി, പുറത്തു മഴ തിമിര്‍ത്തുപെയ്തു ..
വേദന ഓര്‍മകളെക്കാളും ഉയര്‍ന്നു വന്നപ്പോളാണ് കണ്ണുതുറന്നത് ചുറ്റിനും കേള്‍ക്കുന്നത്
അതേ "ബീബ് "" ബീബ്"ശബ്ദങ്ങള്‍ തന്നെയാണ്
"ഭാര്യയാണോ മാതു " അതെ പെണ്‍ശബ്ദംപതിയെ തലതിരിച്ചു നോക്കി വെള്ള വസ്ത്രം ധരിച്ചു തോപ്പിവച്ചു നേഴ്സ് ആണ്
"ഞാനിതെവിടെയാണ്"
"റാഷിദ് ഹോസ്പിറ്റലില്‍"
"എനിക്കെന്താണ് പറ്റിയത്, ആരാണെന്നെ എവിടെ കൊണ്ടുവന്നത്? "
"ഒരു അപകടത്തില്‍ പെട്ട രവിയെ പോലീസ് ആണ് ഇവിടെ കൊണ്ട് വന്നത്"
എനിക്കൊന്നും ഓര്‍മ വരുന്നില്ല; ഞാന്‍ പിന്നിലേക്ക് ഓര്‍ക്കാന്‍ ശ്രമിച്ചു
രാവിലെ ജോലിക്കുപോകാന്‍ നാലുമണിക്ക് ഉറക്കച്ചടവോടെ വാനില്‍ കയറിയതാണ് ,വാനിന്‍റെ പിന്‍സീറ്റില്‍ ആയിരിരുന്നു, വണ്ടി അലയിനില്‍ നിന്നും ജബലാലി പിടിക്കുംപോഴേക്കും 7 മണിയാകും ഷാര്‍ജ എത്തിയപ്പോഴേ എല്ലാവരും ഉറങ്ങാന്‍ തുടങ്ങി; എപ്പോഴായിരുന്നു ഉറങ്ങിപ്പോയതെന്നറിയില്ല ,വലിയൊരു ശബ്ദം കേട്ടു, തല എവിടെയോ ഇടിച്ചു, നിലവിളികള്‍ ,കാലൊച്ചകള്‍, ഇരമ്പങ്ങള്‍, കണ്ണിലെക്കൊരിരുട്ടു വന്നു പിന്നെ ഒന്നും ഓര്‍മയില്ല . ആരോക്കെയിരുന്നു മുന്‍സീറ്റില്‍ രാഘവേട്ടന്‍, ഹരി, അനില്‍, ബിനു, മുജീബ് ...... പിന്നെ
. "സിസ്റ്റെറെ മറ്റുള്ളവര്‍ "
"പന്ത്രണ്ടു പേരോളം മരിച്ചു, ആറുപേര്‍ ഇവിടെയുണ്ട്"
"എനിക്കെതാണ് പറ്റിയത് "
"രണ്ടു കാലിനും ഒടിവുണ്ട് പിന്നെ തലക്കു പൊട്ടലും, തലയില്‍ ചെറിയൊരു ഓപ്പറേഷന്‍ ചെയ്തിടുണ്ട് , എന്തായാലും ജീവന്‍ തിരിച്ചുകിട്ടിയില്ലേ ഭാഗ്യം"
"സിസ്റ്റെറെ എന്നെ കാണാന്‍ ആരെങ്കിലും വന്നോ"
"ഇല്ല ഞാന്‍ കണ്ടില്ല ,നിങളുടെ കമ്പനിയുടെ ആളുകള്‍ രാവിലെ റിസപ്ഷനില്‍, എല്ലാവരെയും പറ്റി അന്വേഷിക്കുന്നത് കണ്ടു "
"സിസ്റ്റെറെ എന്‍റെ ഫോണ്‍ ഇവിടെ ഉണ്ടോ?". ഇല്ല തല്‍ക്കാലം ഇതില്‍ നിന്നും വിളിച്ചോളൂ"
ഡയല്‍ ചെയ്തു കാതോര്‍ത്തു
" ഹല്ലോ "
മാതുവിന്‍റെ വിറയാര്‍ന്ന സ്വരം,ഒരു നിമിഷം ശബ്ദം പുറത്തേയ്ക്ക് വന്നില്ല
" ഹല്ലോ" വീണ്ടും
"ഞാനാ മാതു "
"ചേട്ടാ ചേട്ടനിതെവിടെയാണ്? , സ്വരമെന്താ വല്ലാതിരിക്കുന്നത്? .
ഞാനെത്ര തവണ വിളിച്ചൂന്നറിയോ?. ചേട്ടന്‍റെ ഫോണിനിതെന്തു പറ്റി?.
വെള്ളിയാഴ്ചകൂടി വിളിക്കാതിരുന്നതെന്താ? ഞാന്‍ എന്ത് പേടിച്ചൂന്നറിയോ?".
ഒരുപാടു നെടുവീര്‍പ്പുകള്‍ ഒരുമിച്ചു, ഞാന്‍ ഉത്തരം കിട്ടാതെ വലഞ്ഞു
"ഒന്നുമില്ല ഫോണ്‍ കാണാതെപോയതാ"
"പേടിച്ചു പോയല്ലോ ഞാന്‍, രാഘവേട്ടനെയും , ഹരിയേം ഒക്കെ വിളിച്ചു ആരും ഫോണെടുക്കുന്നില്ല"
"ഞാന്‍ നിന്നെ പിന്നെ വിളിക്കാം ഇതെന്‍റെ ഒരു ഫ്രെണ്ടിന്‍റെ ഫോണാ"
" പിന്നെ വെക്കല്ലേ ചേട്ടാ ഒരു കാര്യം പറയാനുണ്ട് സ്വപ്ന വയസ്സറിയിച്ചു
അടുത്തമാസം വരുമ്പോ അവള്‍ക്കൊരു കുഞ്ഞു മാല കൊണ്ടുവരനെ ,
ഒരു തരി പൊന്നെങ്കിലുമില്ലാതെ ഇനി എങ്ങിനാ അവളെ നടത്തുന്നത് "
"ഉം നോക്കാം ശരി "
"നോക്കിയപ്പോരാ ചേട്ടാ"
"ഉം ശരി "
ഫോണ്‍ കട്ട് ചെയ്തു തിരികെ കൊടുക്കുമ്പോ കണ്ണു നിറഞ്ഞൊഴുകി സിസ്റ്റെര്‍ ടിഷ്യു എടുത്തു വന്നു കണ്ണു തുടച്ചു
'രവി വിഷമിക്കാതിരിക്കൂ, ഒക്കെ ശരിയവുംന്നെ "
ശരീരം മുഴുവന്‍ വല്ലാതെ വേദനിക്കുന്നു
"എന്നാ രവി വേദനയുണ്ടോ"
"ഉം"
"ഉറങ്ങാനുള്ള ഒരു ഇന്ജഷന്‍ തരാം"
ഇന്ജഷന്‍ എടുത്തപ്പോള്‍ ഞാനവരുടെ പേര് വായിച്ചു "മേഴ്സി" മയക്കം കണ്ണിലേക്കു ഒഴുകി വന്നു, ഓര്‍മകളും
നിലവിളക്കിന്‍റെ തിരി അല്പം നീട്ടി എണ്ണ പുരണ്ട വിരല്‍ നരച്ച തലയില്‍ തുടച്ചു അമ്മൂമ്മ പറഞ്ഞു
"കര്‍മ്മ ഫലങ്ങള്‍ ഇവിടെ തന്നെ അനുഭവിച്ചേ മതിയാവൂ, അതിനു ചിലപ്പോ പല ജന്മങ്ങള്‍ ജനിക്കേണ്ടി വന്നേക്കും",
മടിയില്‍ തലവച്ചു കിടന്നു ഇരുട്ടില്‍ ശബ്ദമായി പതിക്കുന്ന മഴതുള്ളികള്‍ക്ക് കാതോര്‍ത്തു കിടന്ന ഞാന്‍ ചോദിച്ചു
"അപ്പൊ കാദറിന്‍റെ കാളകള്‍ കഴിഞ്ഞ ജന്മത്തില്‍ വലിയ പാപികള്‍ ആയിരുന്നിരിക്കും അല്ലെ അമ്മൂമ്മേ".
അട്ടിയായി വച്ച അരിച്ചാക്കും , ഉപ്പും, പച്ചക്കറികളും പേറിയ വണ്ടിയും വലിച്ചുകാദറിന്‍റെ കാളകള്‍ ടൌണില്‍ എന്നും ഗ്രാമത്തിലെ കടകളിലേക്ക് വന്നു. അല്പം മുന്നിലെക്കാഞ്ഞു കടവായില്‍ നുരഞ്ഞ പതയോലിപ്പിച്ചു കൊണ്ടും
നെടുനീളന്‍ വരകളായി മൂത്രമോലിപ്പിച്ചുകൊണ്ടും അവ മൈലം ഗ്രാമത്തിന്റെ ഒന്ദങ്ങള്‍ ചവിട്ടി കയറി. ഒരു വശം അല്പം ചരിഞ്ഞു കാളവണ്ടിയുടെ പടിയിലിരുന്ന കാദറിന്‍റെ വട്ടം ചുറ്റിയ തലക്കെട്ടിനും ചുവന്ന കണ്ണികള്‍ക്കും കീഴെ അല്പം തുറന്ന ചുണ്ടുകള്‍ക്കിടയില്‍ ഒരു കഞ്ചാവ് ബീഡി എരിഞ്ഞു. അത് അയാളുടെ പ്രജ്ഞയില്‍ ഉയര്‍ത്തിയ നിരവധി ചിന്തകളില്‍ ഒന്ന് മാത്രം അയാള്‍ പ്രവവര്‍ത്തി ലേക്കു കൊണ്ട് വന്നു, ക്രത്യമായ ഇടവേളകളില്‍ വടിനീട്ടി കാളകളുടെ മുതുകില്‍ പ്രഹരിക്കുക എന്നതായിരുന്നു അത്. എല്ലായ്പ്പോഴും വണ്ടിക്കു പിന്നിന്ല്‍ ഇരുമ്പു പട്ട പിടിപ്പിച്ച മരച്ചക്രങ്ങള്‍ ടാറിട്ട റോഡില്‍ മണല്‍തരികളെ ഞെരിച്ചുകൊണ്ട് തീര്‍ക്കുന്ന വരയില്‍ നോക്കി വണ്ടിതള്ളിക്കൊണ്ട് രാമന്‍ പണിക്കനേയും കാണാം കാദറിന്‍റെ ഓരോ അടിയിലും കാളകള്‍ക്കൊപ്പം രാമനും ഞെട്ടിതരിക്കുകയും ഞെളിയുകയും ചെയ്തികൊണ്ടു വണ്ടി ആഞ്ഞു തള്ളി. കറുത്ത് മെലിഞ്ഞുണങ്ങിയ ശരീരവും മടക്കിയുടുത്ത ഒറ്റമുണ്ടും കഷണ്ടികയറിയ നരച്ച തലയും തടിയുമുള്ള രാമന്‍ ഒരിക്കലും തല ഉയര്‍ത്തിപ്പിടിച്ചു നടന്നതെയില്ല. അച്ഛനാണോരിക്കല്‍ രാമനെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നത് കാദറിന്‍റെ മൂരികള്‍ നേരത്തെ കോയിക്കല്‍ തറവാട്ടിലെതായിരുന്നു രാമനായിരുന്നു അവയുടെ നോട്ടക്കാരന്‍, അയാള്‍ കലപ്പകെട്ടി ഉഴുതുമറിച്ച നിലങ്ങളിലയിരുന്നു പണ്ടവിടെ വിതയും കൊയ്തും നടന്നിരുന്നത്, ട്രാക്ടറുകള്‍ വന്നപ്പോള്‍ കൊയിക്കലുകാര്‍ മൂരികളെ കാദറിനു വിറ്റു. അതില്‍ പിന്നീടാണ് രാമന്‍ കാളവണ്ടിക്ക് പിന്നാലെ നടക്കാന്‍ തുടങ്ങിയത്. അയാള്‍ യുണിയന്‍ കാര്‍ വണ്ടിയില്‍നിന്ന് ലോടിറക്കുന്ന സമയങ്ങളില്‍ കാളകള്‍ക്കു ബാലകൃഷ്ണന്റെ ചായക്കടയില്‍നിന്നു പഴത്തൊലിയിട്ട കാടി കൊടുക്കുകയും അവക്കരികില്‍ ഇരുന്നു കടവായില്‍ നിന്ന് നുരഞ്ഞു ഒഴുകുന്ന പത തുടച്ചു കളയുകയും അവയുടെ കൂര്‍ത്ത കൊമ്പുകളില്‍ പിടിച്ചു അവരുടെതുമാത്രമയൊരു ടെലിപ്പതിക്ക് ഭാഷയില്‍ അവയോടു സംവദിക്കുകയും ചെയ്തു .
മറ്റൊരു മഴ രാത്രിയില്‍ അമ്മൂമ്മ മരണം കാത്തു കിടന്നു , അരികിലിരുന്ന എന്‍റെ കൈ മുറുകെ പിടിച്ചു പറഞ്ഞു "എനിക്ക് പോകാനായി രവീ", മഴയുടെ ഒച്ചയെക്കാളും ഉയര്‍ന്ന ഒരു നെടുവീര്‍പ്പില്‍, അമ്മുമ്മയുടെ കൈകളുടെ പിടി അയഞ്ഞു വന്നു
എന്‍റെ കൈകളില്‍ ആരോ പിടിക്കുന്നതായും അമര്‍ത്തുന്നതായും തോന്നിയപ്പോളാണ് ഞാന്‍ കണ്ണു തുറന്നത് .
ഡോക്ടറാണ് " ഹൌ ആര്‍ യു രവി"
എന്‍റെ അമ്പരപ്പ് വിട്ടു പോയിരുന്നില്ല ഞാന്‍ ഡോക്ടറെ മിഴിച്ചു നോക്കി"ആര്‍ യു ഓക്കേ നവ് "
" ഓക്കേ"
ഡോക്ടര്‍ ചിരിച്ചു നടന്നു പോയി ,
“ഇന്ന് എത്രയാ സിസ്റ്റര്‍ തീയതി “
“ആഗസ്റ്റ് 23”
നീണ്ട എട്ടു ദിവസങ്ങള്‍, ഇതുവരെ ആരും ഒന്ന് കാണാന്‍ പോലും വന്നില്ല, ഇതാണൊരു പ്രവാസിയുടെ ഏറ്റവും വലിയ ഗതികേട്, അവനവനുവേണ്ടി മാത്രം ജീവിക്കുന്ന പ്രവാസികള്‍ക്കിടയില്‍ മറ്റുള്ളവരെ നോക്കാന്‍ ആര്‍ക്കു നേരം,
സിസ്റര്‍ ദേഹം തുടച്ചുവൃത്തിയാക്കി, ജീവിതത്തില്‍ എല്ലാ അഹന്തയുമഴിഞ്ഞു ജീവച്ഛവം പോലെ കിടന്നപ്പോള്‍ അയാള്‍ക്ക് താന്‍ സ്വയം കടുകുമണിയോളം ചെറുതായത് പോലെ തോന്നി. ഒരമ്മ കുഞ്ഞിനെനെയെന്നത് പോലെ പരിചരിക്കുന്ന ഈ മലയാളി നേഴ്സുമാരാണ് ഇവിടങ്ങളിലെത്തുന്നവരുടെ ഏക ആശ്വാസം .അവരും കൂടി ഇല്ലാതിരുന്നെങ്കില്‍ ഓര്‍ക്കാന്‍ കൂടി വയ്യ, നാട്ടിലായിരുന്നെങ്കില്‍ ചുറ്റിലും ഇപ്പോള്‍ എത്രപേര്‍ കാണുമായിരുന്നു .
“സിസ്റ്റര്‍ എനിക്കൊരു ഓറഞ്ച് വേണം ”
“അതെന്തു പറ്റി രവീ പെട്ടന്ന് ഓറഞ്ച് തിന്നാന്‍ തോന്നാന്‍, നിങ്ങള്‍ക്ക് ഇപ്പോള്‍ ഓറഞ്ച് കഴിച്ചുകൂടാ ,
എന്‍റെ കുട്ടിക്കാലത്തെ ആശുപത്രി ഓര്‍മ്മകള്‍ക്കൊക്കെ ഓറഞ്ച് മണമാണെന്ന് ഞാനവരോട് പറഞ്ഞില്ല
പതിമൂന്നാം വയസ്സിലാണ്; അച്ഛനോടൊപ്പം കശുമാങ്ങ പറിക്കുകയായിരുന്നു ,
ഇടക്ക് അച്ഛനറിയാതെ ഒരു കൊമ്പിലെക്കുകയറി ഒന്ന് കൈയ്യെത്തി പറിക്കാന്‍ ശ്രമിച്ചപ്പോലെക്കും കൈകുത്തിയാണ് വീണത്, ഒരുനിലവിളി തൊണ്ടയില്‍ കുരുങ്ങി നിന്നു , ഓടിയെത്തിയ അമ്മ വാരിയെടുത്തു, ഇടതു കൈത്തണ്ട ഒടിഞ്ഞിരുന്നു, വേദന രോമങ്ങള്‍ വരെയെത്തിയിട്ടും ഞാന്‍ കരഞ്ഞില്ല, എനിക്ക് വിഷമം അമ്മ കരയുന്നതിലായിരുന്നു, ആശുപത്രിയിലേക്കുള്ള വഴിയിലാകെ അമ്മ കരഞ്ഞുകൊണ്ടിരിന്നു. ആശുപത്രിയിലേക്ക് തിരിയുന്ന വഴിയിലാണ് ഞാന്‍ നിറെയെ ഓറഞ്ച്കളുള്ള ഉന്തു വണ്ടി കണ്ടത് .അപൂര്‍വമായി മാത്രം കിട്ടുമായിരുന്ന ഓറഞ്ച്നോട് എനിക്ക് വല്ലാത്ത ആഗ്രഹമായിരുന്നു, അതിന്റെ മണമായിരുന്നു രുചിയെക്കാളും എനിക്കിഷ്ട്ടം .എന്‍റെ കളിപ്പാട്ട ബാസ്കറ്റുകളില്‍ ഞാനവയുടെ തൊലി സൂക്ഷിച്ചുവച്ചിരുന്നു.
കൈകളില്‍ പ്ലസ്ട്ടരിട്ടു ഗെവര്‍മെന്റ്റ് ഹോസ്പിറ്റലിന്റെ ഇടനാഴിയില്‍ പായ വിരിച്ചു
കിടന്നപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു “ അമ്മെ എനിക്ക് ഓറഞ്ച് വേണം ”
അച്ഛന്‍ തീഷ്ണമായി എന്നെ നോക്കി, അമ്മ ഒന്നും മിണ്ടാതിരുന്നു ,
അല്പം കഴിഞ്ഞു അച്ഛന്‍ ഒരു പൊതി തന്നു 4 ഓറഞ്ച്കള്‍ , ഉച്ചക്കാണ് ഓരോത്തരായി അറിഞ്ഞു വരാന്‍ തുടങ്ങിയത്, അയല്‍ക്കാരും നാട്ടുകാരുമെല്ലാം വന്നു എല്ലാരോടും ഓറഞ്ച് വേണമെന്ന് പറഞ്ഞു എനിക്കുചുറ്റും ഓറഞ്ച് പൊതികള്‍ നിറഞ്ഞു എന്‍റെ കൈയുഉടെ വേദന ഞാന്‍ മറന്നേപോയി.
“സിസ്റ്റര്‍ എനിക്ക് ഓറഞ്ച് വേണം തിന്നാനല്ല വെറുതെ മണക്കനാ “
വൈകിട്ടോടെ കമ്പനി പി ആര്‍ ഓ വന്നു, എന്നെ കാണാന്‍ വന്ന ആദ്യത്തെ ആള്‍," എങ്ങനെയുണ്ട് രവീ"
"നല്ല വേദനയുണ്ട് "" ആരൊക്കെ ..... ?."
"രാഘവേട്ടന്‍, ഹരി, പിന്നെ അനിലും" "മുജീബും , സുരേഷും,ഇവിടെത്തന്നെയുണ്ട് "
അനില്‍ കഴിഞ്ഞ ആഴ്ച കല്യാണം കഴിഞ്ഞു എത്തിയതേ ഉണ്ടായിരുന്നുള്ളു ,എട്ടു പേരുണ്ടായിരുന്ന റൂമില്‍ ഇനി നാലു പേര്‍ മാത്രമേ അവശേഷിക്കുന്നു.
"മറ്റന്നാള്‍ രവി നാട്ടിലേക്കു മട്ങ്ങിക്കോളൂ , അസുഖമൊക്കെ മാറിയശേഷം ഞങ്ങള്‍ തിരിച്ചു വിളിക്കാം" ,
ഞാന്‍ ഒന്നും പറഞ്ഞില്ല അയാള്‍ പോയപ്പോളോര്‍ത്തു ബാക്കിയുള്ള കടം ,കുട്ടികളുടെ സ്കൂള്‍, വീട്ടുചെലവുകള്‍ , മനസ്സാകെ ഒരു കടല്‍പോലെ കലങ്ങിമറിഞ്ഞു .
രാത്രിമുഴുവന്‍ ഉറക്കം വരാതെ കിടന്നു ,
രാവിലെ പി ആര്‍ ഓ വന്നു, ടിക്കെറ്റും 2000 ദെര്‍ഹവും കൈയ്യില്‍വച്ചുതന്നു, എല്ലാം മാറിയശേഷം ഫാക്സ് ചെയ്താല്‍ മതി ഞങ്ങള്‍ വിസ അയച്ചുതരാം.
“സര്‍ എനിക്കാ ആ ഫോണ്‍ ഒന്ന് തരുമോ“
അയാളുടെ ഫോണ്‍ തന്നു
“ഹല്ലോ ”
സ്വപ്നയാണ് “അമ്മ എവിടെ മോളെ ”
"അടുക്കളയില്‍ "
" നീ അമ്മയെ വിളിക്കൂ"
“ആ ചേട്ടാ ഫോണ്‍ കിട്ടിയോ ” മാതുവിനെ സ്വരം
"മാതു, ഞാന്‍ നാളെ വരും"
അവളുടെ ശബ്ദത്തില്‍ അമ്പരപ്പ് "അതെന്തു പറ്റി ചേട്ടാ പെട്ടന്ന് "
" ഒന്നുമില്ല ജോലി കുറഞ്ഞു ഒരുമാസത്തേക്ക് നാട്ടില്‍ വന്നു പോകാമെന്ന് വിചാരിച്ചു "
"എപ്പോഴാ വരുക " അവള്‍ക്കെന്തോ വിശ്വാസം പോരാത്തത് പോലെ
"നാളെ രാവിലെ 8 മണിക്ക് എയര്‍പോര്‍ട്ടിലെത്തും, ശരി പിന്നെ വിളിക്കാം "
പെട്ടന്നു കട്ട് ചെയ്തു , ഫോണ്‍ തിരികെക്കൊടുത്തു
പ്രതീക്ഷിക്കാത്തൊരു മടക്കയാത്ര ,നാളെ എയര്‍പോര്‍ട്ടില്‍ ഓര്‍ക്കാനേ വയ്യ.
സിസ്റ്റര്‍ വന്നു
" ഞാനിന്നു രാത്രി നാട്ടിലേക്ക് പോകും സിസ്റ്റര്‍ , എനിക്ക് സിസ്ടറോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല,"
നിറഞ്ഞ കണ്ണ് തുടച്ചു സിസ്റ്റര്‍ പറഞ്ഞു "എല്ലാം ശരിയാകും രവി"
സിസ്റ്റര്‍ ബാഗില്‍ നിന്നും ഒരു ഓറഞ്ച് എടുത്തു തന്നു "ഡോക്ടര്‍ കാണണ്ട."
ഞാന്‍ അത് മണത്തു, വല്ലാത്ത മണം, എന്‍റെ ചുറ്റും അത് പരന്നൊഴുകി ......
No comments:
Post a Comment